
ദോഹ: രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിലെ സേവനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അർജന്റ് കെയർ (Urgent Care) സംവിധാനം കൂടുതൽ വിപുലീകരിച്ച് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC). അൽ വാബ് ഹെൽത്ത് സെന്ററിനെക്കൂടി ഈ ശൃംഖലയിൽ ഉൾപ്പെടുത്തിയതായി പി.എച്ച്.സി.സി ഔദ്യോഗികമായി അറിയിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇവിടെ ഈ സേവനം ലഭ്യമാകും.
പുതിയ ആരോഗ്യ കേന്ദ്രം കൂടി ഉൾപ്പെട്ടതോടെ രാജ്യത്ത് 24 മണിക്കൂറും അടിയന്തര ചികിത്സ നൽകുന്ന മുതിർന്നവർക്കായുള്ള സെന്ററുകളുടെ എണ്ണം 16 ആയും കുട്ടികൾക്കായുള്ള സെന്ററുകളുടെ എണ്ണം 11 ആയും ഉയർന്നു.
പെട്ടെന്നുണ്ടാകുന്നതും എന്നാൽ ജീവന് ഭീഷണിയല്ലാത്തതുമായ ആരോഗ്യപ്രശ്നങ്ങൾക്ക് (Non-life-threatening cases) അടിയന്തരമായി കൃത്യമായ പരിശോധനയും രോഗനിർണ്ണയവും ചികിത്സയും ഉറപ്പാക്കുകയാണ് ഈ കേന്ദ്രങ്ങൾ ചെയ്യുന്നത്. രോഗികൾ ഏത് ഹെൽത്ത് സെന്ററിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നത് പരിഗണിക്കാതെ തന്നെ ഈ അർജന്റ് കെയർ സെന്ററുകളിൽ നിന്നും അടിയന്തര ചികിത്സ തേടാവുന്നതാണ്.
അൽ റുവൈസ്, ഉമ്മു സലാൽ, മുഐതർ, അൽ മഷാഫ്, അൽ സദ്ദ്, ഗരാഫത്ത് അൽ റയാൻ, അൽ ശഹാനിയ, അബുബക്കർ അൽ സിദ്ദിഖ്, റൗദത്ത് അൽ ഖൈൽ, അൽ കഅബാൻ, അൽ കരാന, ലബീബ്, അൽ വജ്ബ, അൽ തുമാമ, അൽ ഖോർ, കൂടാതെ പുതുതായി ഉൾപ്പെടുത്തിയ അൽ വാബ് ഹെൽത്ത് സെന്റർ എന്നിവടങ്ങളിലാണ് മുതിർന്നവർക്ക് ഈ സേവനം ലഭിക്കുക.
അൽ റുവൈസ്, ഉമ്മു സലാൽ, മുഐതർ, അൽ മഷാഫ്, അൽ സദ്ദ്, ലബീബ്, അൽ വജ്ബ, അൽ തുമാമ, അൽ ഖോർ, റൗദത്ത് അൽ ഖൈൽ, ഒപ്പം അൽ വാബ് ഉൾപ്പെടെയുള്ള പതിനൊന്ന് ആരോഗ്യ കേന്ദ്രങ്ങളിലാണ് കുട്ടികൾക്കായി ഈ അടിയന്തര ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്.
രാജ്യത്തുടനീളം അടിയന്തര ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനും, ഈ മേഖലയിൽ വർധിച്ചുവരുന്ന ആവശ്യകതയ്ക്ക് അനുസൃതമായി മികച്ച സേവനം ഉറപ്പാക്കാനുമുള്ള പി.എച്ച്.സി.സിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ വിപുലീകരണം.











